Asianet News MalayalamAsianet News Malayalam

വധശ്രമക്കേസ്:ശബരിനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും,മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ശബരിനാഥന്‍റെ നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്

Attempt to murder case: Sabrinathan to appear for questioning today, opposition to intensify protest against Chief Minister
Author
Thiruvananthapuram, First Published Jul 20, 2022, 5:09 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വധ ശ്രമ കേസിൽ (attempt to murder case)അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരിനാഥൻ (ks sabarinathan)ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകും.ഇന്നു മുതൽ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയിൽ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു

അതേസമയം കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.നിയമസഭയിൽ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ശബരിനാഥന്‍റെ നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്. 

 

നാടകീയ അറസ്റ്റ്, രാഷ്ട്രീയപ്പോര്; സർക്കാറിന് തിരിച്ചടിയായി ഒടുവിൽ ശബരിനാഥന്റെ ജാമ്യം 

ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ ശബരീനാഥിന്‍റെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്‍റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരീനാഥൻ അറിയിച്ചു. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. 

നാടകീയ അറസ്റ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരിനിടെ മുൻ കോൺഗ്രസ് എംഎൽഎ കെ എസ് ശബരിനാഥന് ജാമ്യം കിട്ടിയത് സർക്കാറിന് തിരിച്ചടിയായി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുമ്പോൾ വീണ്ടും സംഘർഷഭരിതമായ സമരങ്ങൾക്കാണ് സാധ്യത . നിയമസഭയിൽ ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയായിരുന്നു.

ഇൻഡിഗോയുടെ യാത്രാ വിലക്ക് ഉയർത്തിയ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം വിമാനത്തിലെ പ്രതിഷേധം വിവാദം വീണ്ടും ശക്തമാക്കിയത്. പക്ഷെ യൂത്ത് കോൺഗ്രസ് വാട്സ് അപ് ചാറ്റ് ഗൂഢാലോചനാ തെളിവായി കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഷ്ട്രീയപ്പോരിനിടെയായിരുന്നു ശബരിയുടെ അറസ്റ്റുണ്ടായത്. കേസിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് സർക്കാർ കാണിച്ചെങ്കിലും അതിവേഗത്തിലുള്ള അറസ്റ്റിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ദേശീയ- സംസ്ഥാന നേതാക്കൾ വരെ ശബരിക്കായി രംഗത്തിറങ്ങി. ഒടുവിൽ പൊലീസ് ആവശ്യം തള്ളി ജാമ്യം കിട്ടിയതോടെ സർക്കാർ വെട്ടിലായി.

ശബരീനാഥന് ജാമ്യം, കോടതിക്ക് മുന്നിൽ സിപിഎം പ്രതിഷേധം, സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകരും, സംഘ‍ര്‍ഷാവസ്ഥ

പിസി ജോർജ്ജിന്റേതടക്കം വിവാദമായ  തിടക്കത്തിലുള്ള അറസ്റ്റുകളിൽ തുടർച്ചയായുള്ള തിരിച്ചടി പ്രതിപക്ഷം ഇനി സർക്കാറിനെതിരെ കൂടുതൽ ശക്തമായി ഉന്നയിക്കും. പ്രതിഷേധാഹ്വനമാണ് ഗൂഢാലോചനകേസിൽ ശബരിയുടെ അറസ്റ്റിന് കാരണമെന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ ഇന്ന് മുതൽ കരിങ്കൊടികാണിക്കാൻ ആഹ്വാനം ചെയ്യാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. അതേ സമയം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയാണ് വഞ്ചിയൂർ കോടതിക്ക് മുന്നിലെ സിപിഎഎം പ്രതിഷേധം കാണിക്കുന്നത്. സ്വർണ്ണക്കടത്തിൽ സംസ്ഥാന വ്യാപകമായി ഉണ്ടായ അസാധാരണ പ്രതിഷേധങ്ങളിലേക്ക് വീണ്ടും നിങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്. 

'കേരളം ബനാന റിപ്പബ്ലിക്കായി', മുഖ്യമന്ത്രി ഭീരുവെന്നും ജാമ്യം നേടിയ ശബരീനാഥന്‍റെ ആദ്യ പ്രതികരണം

കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ എസ് ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎയുടെ പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഭീരുവെന്നും ശബരീനാഥന്‍ പറഞ്ഞു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. ഇന്ന് മുതൽ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios