കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി തെറ്റിച്ച് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ പെണ്‍കുട്ടികളിലൊരാള്‍ പുറത്തേക്ക് ചാടി. സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിലായി.

കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴിമാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ട കുട്ടികളോട് ഡ്രൈവർ തട്ടിക്കയറി. പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. സംഭവത്തിൽ കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കരിക്കോട് സ്വദേശി നവാസിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായാണ് പ്ലസ് ടു വിദ്യാർത്ഥിനികൾ കരിക്കോട് സ്വദേശി നവാസിന്‍റെ ഓട്ടോയിൽ കയറിയത്.

പതിവായി കയറുന്ന സ്റ്റാൻഡിൽ ഓട്ടോകൾ ഇല്ലായിരുന്നു. തുടര്‍ന്നാണ് പ്രധാന റോഡിൽ കണ്ട ഓട്ടോ വിളിച്ചത്. പ്രധാന റോഡിലൂടെ പോകാൻ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇടറോഡിലേക്ക് ഓട്ടോ കയറ്റി. ഓട്ടോ നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും നവാസ് അതിന് തയ്യാറായില്ല. കൂടാതെ പെൺകുട്ടികളോട് തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ഒരു വിദ്യാർത്ഥിനി ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്.

കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്. പെൺകുട്ടി ഓട്ടോയിൽ നിന്നും ചാടിയിട്ടും കുറച്ച് അകലെ വാഹനം നിർത്തിയാണ് മറ്റൊരു കുട്ടിയെ ഇറക്കിവിട്ടത്. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ നവാസ് പിടിയിലായത്. കുട്ടികളുമായി ഓട്ടോറിക്ഷയിൽ പോയ
സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കാഫിര്‍ സ്ക്രീൻഷോട്ട്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് നിര്‍ദേശം


Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live