ഉമേഷ് വള്ളിക്കുന്നിനെ വിടാതെ പിടിച്ചിരിക്കുകയാണ് കമ്മീഷണർ എവി ജോർജ്ജ്. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്ക ലംഘനങ്ങൾ സംബന്ധിച്ചാണ് പുതിയ ഉത്തരവിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്
കോഴിക്കോട്: ഫറോഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്നിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്. ഉമേഷിന്‍റെ സര്‍വീസില്‍ ഇതുവരെയുളള അച്ചടക്ക ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് ഉത്തരവിട്ടത്. കോഴിക്കോട് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ഇത് തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുളള നീക്കത്തിന്‍റെ ഭാഗമായാണ് പുതിയ അന്വേഷണമെന്ന് ഉമേഷ് വളളിക്കുന്ന് പ്രതികരിച്ചു.
നേരത്തെ വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കം സദാചാര പ്രശ്നങ്ങൾ ആരോപിച്ച് 2020 സപ്തംബറിൽ ഉമേഷിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. ആറ് മാസത്തിന് ശേഷം അന്വേഷണം പൂർത്തിയാക്കി സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ഉമേഷിന്റെ അഭ്യർത്ഥന പ്രകാരം ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിയമിച്ച് കൊണ്ട് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷണത്തിന് കമ്മീഷണർ തന്നെ നിർദ്ദേശം നൽകിയിരിക്കുന്നത്.
സുഹൃത്തായ യുവതിയുടെ ഫ്ളാറ്റില്‍ ഉമേഷ് നിത്യ സന്ദര്‍ശനം നടത്തുന്നു എന്നതടക്കമുളള സസ്പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപകീർത്തികരമായിരുന്നു എന്ന് കാണിച്ച് കൊണ്ട് യുവതി ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. അതേസമയം തിരിച്ചെടുക്കണമെന്ന അപേക്ഷയിൽ കമ്മീഷണറുടെ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും അതേപറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉമേഷ് ആരോപിക്കുന്നു.
ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചതിന് 2019ലും ഉമേഷിനെ കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ച്ചയായി അച്ചടക്ക നടപടിയെടുക്കുന്നത് കമ്മീഷണർക്ക് വ്യക്തിവിദ്വേഷം ഉള്ളത് കൊണ്ടാണെന്നായിരുന്നു അന്ന് ഉമേഷിന്റെ ആരോപണം. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചതിന് ഉമേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടിരുന്നു. സദാചാര പ്രശ്നങ്ങൾ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തതിനെതിരെ സാംസ്കാരിക പ്രവർത്തകരടക്കം നിരവധി പേർ ഉമേഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
