Asianet News MalayalamAsianet News Malayalam

'ബിജെപിയുടെ ലക്ഷ്യം തിരിച്ചറിയണം': രാമക്ഷേത്ര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന് മേൽ ലീഗിന്‍റെ സമ്മർദം

മുസ്ലിം ലീ​ഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും. യോ​ഗത്തിൽ ദേശീയ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.

Ayodhya issue; Muslim League says it is 'not against faith', let Congress decide fvv
Author
First Published Dec 29, 2023, 11:49 AM IST

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസിന് മേൽ മുസ്‍ലിം ലീഗ് സമ്മർദ്ദം. കോൺഗ്രസ് മതേതര നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടിയന്തര യോഗത്തിന് ശേഷം ലീഗ് നേതാക്കൾ പറഞ്ഞു. ഇത് മതവിശ്വാസത്തിനെതിരായ നിലപാടല്ലെന്നും ബിജെപിയുടെ ലക്ഷ്യം തിരിച്ചറിയണമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. 

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന ആവശ്യം സുന്നി നേതൃത്വം ഉന്നയിച്ചതോടെയാണ് ലീഗ് അടിയന്തര യോഗം ചേർന്നത്. കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കരുതെന്ന നിലപാട് നേതൃത്വത്തെ അറിയിക്കും. എന്നാൽ പരസ്യമായി അത് വെട്ടിത്തുറന്ന് പറയാതെ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

വരാന്‍ പോകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒരു രാഷ്ട്രീയ ഉദ്ഘാടനമെന്ന തരത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുപോകുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയണം. എന്നിട്ട് സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരത്വ കാഴ്ചപ്പാടുള്ള പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഷയം പരസ്യമായി ഉന്നയിച്ചാൽ വർഗീയതയായി വ്യാഖ്യാനിക്കപ്പെടും എന്ന ആശങ്ക ലീഗിനുണ്ട്. അതുകൊണ്ട് മതവികാരം മാനിക്കുന്നുവെന്ന വിശദീകരണവുമുണ്ട്. വിശ്വാസികൾക്കൊപ്പമാണ് ലീഗ്, എന്നാല്‍ തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഉപയോ​ഗിക്കുന്നതിന് എതിരാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗിന്റെ അടിയന്തര യോഗവും പ്രതികരണവും വന്നതോടെ കോൺഗ്രസ് സമ്മർദ്ദത്തിലായി. 

അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. 

അയോധ്യ പ്രതിഷ്ഠ ചടങ്ങ്; പങ്കെടുക്കുന്നതിൽ അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പ്, തീരുമാനിച്ചില്ലെന്ന് ആം ആദ്മി

സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺ​ഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺ​ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺ​ഗ്രസ് വീഴില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണു​ഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞിരുന്നു. അതിനിടയിലാണ് വിമർശനം ശക്തമായതോടെ പിൻമാറാനുള്ള കോണ്‍ഗ്രസ് തീരുമാനം പുറത്തുവരുന്നത്.

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios