തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ആറ്റിങ്ങൽ ഡിവൈഎസ്പിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ബി സത്യൻ എംഎൽഎ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഡിവൈഎസ്പിയുമായി ഇന്നലെ എംഎൽഎ ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തും ഇന്ന് വീണ്ടും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൂടിയാണ് ആന്‍റിജൻ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത്. അതേ സമയം കൊല്ലം ജില്ലാ ജയിലിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലാ ജയിലിലെ രോഗബാധിതരായ തടവുകാരുടെ എണ്ണം 38 ആയി ഉയര്‍ന്നു.