'കുട്ടിയെ കിട്ടിയതിൽ സന്തോഷം, സങ്കടമുള്ള മുഖം കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി': ബബിത
പിണങ്ങി വന്നതാണെന്നും തോന്നിയില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു.
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ല. പിണങ്ങി വന്നതാണെന്നും തോന്നിയില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്ന് കരുതിയെന്നും ബബിത പറഞ്ഞു.
കുട്ടിയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാർത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നൽകിയത്. ഫോട്ടോ അയച്ചു കൊടുത്ത ഉടനെ നടപടികൾ വേഗത്തിലാക്കുകയായിരുന്നു പൊലീസ്. കുട്ടിയെ കണ്ടെത്താൻ ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.
അതേസമയം, കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിംഗ് കൊടുക്കും. അതേസമയം, കുട്ടിയെ വിമാനാർഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിയ്ക്കുള്ളത്.
'കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദി, അസമിലേക്ക് തിരിച്ച് പോകും': 13കാരിയുടെ കുടുംബം
https://www.youtube.com/watch?v=Ko18SgceYX8