ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ആ ഫയൽ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ആ ഫയൽ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ നീക്കത്തിന് പിന്നിൽ അഴിമതിയല്ലാതെ പിന്നെന്താണെന്ന് ചോദിച്ച അദ്ദേഹം ഫിനാൻസ് ബിൽ പാസായായി കഴിഞ്ഞാൽ പിന്നീട് യുഡിഎഫ് ഈ കാര്യം ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും പറഞ്ഞു. ബക്കാർഡിക്ക് കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ കഴിയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇരട്ടത്താപ്പിന് മാറ്റമില്ല
അതേസമയം, കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടി സതീശൻ്റെ യഥാർത്ഥ സ്വഭാവമാണ് വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സതീശൻ്റെ ഇരട്ടത്താപ്പ് സ്വഭാവം മുഖ്യമന്ത്രിയായിട്ടെങ്കിലും മാറുമെന്ന് കരുതി. എന്നാൽ കരിമണൽ, വീര്യം കുറഞ്ഞ മദ്യ വിഷയങ്ങളിൽ ഇക്കാര്യമാണ് തെളിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂലം വളളംകളി ദിവസമായ ജൂൺ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയ റെജി ചെറിയാന് മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.



