ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്‍റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഡലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

ദിലീപിന്‍റെ അറസ്റ്റ് മാധ്യമ സമ്മർദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ശ്രീലേഖ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥ ഇപ്പോൾ സ്വന്തം യു ട്യൂബ് ചാനൽ വഴി ഇങ്ങനെ പറയാൻ കാരണം വ്യക്തമല്ല. ദിലീപിന്‍റെ അഭിഭാഷകർ വീഡിയോ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാന്‍ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കാം.

ശ്രീലേഖ പറഞ്ഞത് ദിലീപിന് വേണ്ടിയെന്ന് അഡ്വ.ടി ബി മിനി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി രംഗത്തെത്തി. ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.