വിഷ്വൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ആശയത്തിൽ 2500 നെയ്ത്തുകാർ 6000 അടിയിൽ തീർത്ത ബാലരാമപുരം കൈത്തറി പ്രോജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടു വർഷമെടുത്താണ് കലാസൃഷ്ടി നെയ്തെടുത്തത്.
തിരുവനന്തപുരം: ബാലരാമപുരം കൈത്തറിയുടെ ഉന്നമനത്തിനായി തിരുവനന്തപുരം കനകക്കുന്നിൽ സർക്കാർ മ്യൂസിയം ഒരുക്കുമെന്നും അടുത്ത ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. വിഷ്വൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ആശയത്തിൽ 2500 നെയ്ത്തുകാർ 6000 അടിയിൽ തീർത്ത ബാലരാമപുരം കൈത്തറി പ്രോജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടു വർഷമെടുത്താണ് കലാസൃഷ്ടി നെയ്തെടുത്തത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബാലരാമപുരം കൈത്തറിയുടെ പെരുമയാണ് കനകക്കുന്നിൽ വിരിഞ്ഞത്. 13152 മണിക്കൂറെടുത്ത് 2500 പരമ്പരാഗത നെയ്ത്തുകാർ രണ്ട് കിലോമീറ്റർ നീളത്തിലാണ് ബാലരാമപുരം കൈത്തറി പ്രോജക്ട് തയ്യാറാക്കിയത്. ആറ് തറികളിൽ കോട്ടണിലും സ്വർണ്ണക്കസവിലും വെങ്കലക്കസവിലുമാണ് ഊടും പാവും നെയ്തെടുത്തത്. നെയ്ത്ത് ഗ്രാമത്തിലെ ഓരോ നെയ്ത്തുകാരും ഒരടിയെങ്കിലും നെയ്തെടുത്താണ് ഈ അപൂർവ്വ കൂട്ടായ്മയുണ്ടാകുന്നത്. ലക്ഷ്മിയുടെ ആശയത്തിനൊപ്പം ഒരു ഗ്രാമം കൈകോർക്കുകയായിരുന്നു. ടൂറിസം വകുപ്പും ഹാൻഡ്ലൂം ആൻറ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ഒപ്പം പങ്കാളികളായി.
ഡിസ്നി സ്ട്രാറ്റജിക് അഡ്വൈസർ കെ മാധവന്റെ മകളാണ് ലക്ഷ്മി മാധവൻ. പാരീസിലും സെൻറ് പീറ്റേഴ്സ് ബർഗിലും മുംബെയിലും കൊച്ചി ബിനാലെയിലുമെല്ലാം ലക്ഷ്മി വിവിധ കലാസൃഷ്ടികളൊരുക്കിയിരുന്നു. ലക്ഷ്മിയുടെ മുത്തശ്ശി സത്യഭാമയുടെ പേരിലുള്ള സത്യഫൗണ്ടേഷന്റെ പ്രഖ്യാപനവും നടന്നു. നെയ്ത്ത് കുടുംബങ്ങൾക്ക് വിദ്യാഭ്യാസ ആരോഗ്യമേഖലയിൽ പിന്തുണ നൽകുന്ന ഫൗണ്ടേഷൻ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കസവിനെ ആഗോള വേദിയിലേക്കെത്തിക്കാനുള്ള തുടക്കമാണ് പ്രൊജക്ട്. കനകക്കുന്നിലെ പ്രദർശനം വെള്ളിയാഴ്ച വൈകിട്ട് വരെയുണ്ടാകും. ശേഷം ലോകത്തിന്റെ വിവിധ കോണുകൾ തൊട്ട് യാത്രയാകും നമ്മുടെ അഭിമാനക്കസവ്.















