കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ഉണ്ടായിരുന്നത്

പെരിന്തൽമണ്ണ: വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. ഉദ്യോഗസ്ഥർ കൃത്യമായി മറുപടി പറഞ്ഞില്ല. അസാധു വോട്ട് എന്ന് എതിർ സ്ഥാനാർഥി തന്നെ സമ്മതിച്ചതാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. എന്ത് അട്ടിമറിയാണ് നടന്നത് എന്ന് അന്വേഷിക്കണം. സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് ഒരു അറിവും ലഭിച്ചിട്ടില്ല. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. സ്ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പേപ്പർ മോഷണം പോകുന്ന സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടി എങ്ങനെയാണ് മാറി പോകുന്നത്? അങ്ങനെ ഒരു വിശദീകരണം ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വോട്ടുകൾ സാധുവാണോ അസാധുവാണോയെന്ന ചോദ്യമാണ് കോടതിക്ക് മുന്നിലുള്ളതെന്ന് എംഎൽഎ പറഞ്ഞു. അസാധുവാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഈ വാർത്ത കേൾക്കുമ്പോൾ എല്ലാവരും കരുതുക എവിടെയോ എണ്ണാതെ വെച്ച 348 വോട്ടുണ്ടായിരുന്നുവെന്നാണ്. അങ്ങനെയല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന് ഉണ്ടായിരുന്നത്. അപാകത ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ലെന്നതാണ് വോട്ടുകൾ എണ്ണാതിരിക്കാൻ കാരണം. 

ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എൽഡിഎഫിന്റെ എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലാണ് വോട്ടുപെട്ടി സൂക്ഷിച്ചിരുന്നത്. ഈ സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് മുസ്തഫ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയിലേക്ക് വോട്ടുകൾ മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടികൾ കാണാനില്ലെന്ന് മനസിലായത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പിന്നീട് വോട്ടുപെട്ടി കണ്ടെത്തിയത്.