വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. താജുദ്ദീനായി അഭിഭാഷകൻ ഡോ അലക്സ് ജോസഫ് ആണ് ഹാജരായത്.
ദില്ലി: അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം. കേസിലെ ഇരുപത്തിയെട്ടാം പ്രതിയാണ് താജുദ്ദീൻ. 2009 ൽ അറസ്റ്റിലായ താൻ കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സാക്ഷി വിസ്താരം അടക്കം വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ അന്തിമവാദം വിധി പറയണമെന്ന് നിർദേശിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് കേസിൽ ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ. കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ അബ്ദുൾ നാസർ മദനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 2008 ൽ ആണ് ബെംഗളൂരുവിനെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. കേസിൽ ആകെ മുപ്പത്തിമൂന്ന് പ്രതികളാണുള്ളത്. താജുദ്ദീനായി അഭിഭാഷകരായ സുപ്രിയ വെർമ്മ, അൽബിന സെബാസ്റ്റ്യൻ, സംഗീത എംആർ, ധ്രുവി എന്നിവരും ഹാജരായി.



