കനത്ത നാശമുണ്ടായ പതിനേഴാം വാര്‍ഡിലെ 10 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ലോണ്‍ തിരിച്ചടവിനായി ബാങ്കുകളില്‍ നിന്നും അറിയിപ്പുകള്‍ വന്നത്.
മലപ്പുറം: മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടല്‍ (Kavalappara landslide) ദുരിത ബാധിതര്‍ ജപ്തി ഭീഷണിയില്‍. കനത്ത നാശമുണ്ടായ പതിനേഴാം വാര്‍ഡിലെ 10 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ലോണ്‍ തിരിച്ചടവിനായി ബാങ്കുകളില്‍ നിന്നും അറിയിപ്പുകള്‍ വന്നത്.
കവളപ്പാറ സ്വദേശിയായ കുഞ്ഞുമോന്‍റെ മൂന്നേക്കറോളം റബര്‍ തോട്ടമാണ് 2019 ലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. 400 റബര്‍ മരങ്ങളുണ്ടായിരുന്നു. 83000 രൂപ മാത്രമാണ് ലഭിച്ച നഷ്ടപരിഹാര തുക. ആ ഭൂമി ഈടുവെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വായ്പയെടുത്തിരുന്നു. തിരിച്ചടവിനുള്ള ബാങ്കിന്‍റെ നോട്ടീസുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് കുഞ്ഞുമോന്‍ ഇപ്പോള്‍. അബ്ദുള്‍ മജീദിന്റെ രണ്ടര ഏക്കര്‍ സ്ഥലത്തെ 540 റബര്‍മരങ്ങള്‍ ഇല്ലാതായി. മുമ്പ് എടുത്ത കാര്‍ഷിക കടങ്ങള്‍ക്കുള്ള തിരിച്ചടവ് നോട്ടീസുകള്‍ വന്ന് തുടങ്ങി.
എഴുപതോളം വീടുകള്‍ക്കാണ് ഈ ഭാഗത്ത് നാശ നഷ്ടങ്ങള്‍ നേരിട്ടത്. ഏക്കര്‍ കണക്കിന് ഭൂമിയും വാസയോഗ്യമല്ലാതായി. പിന്നെ എങ്ങനെ തിരിച്ചടവ് നടക്കുമെന്നാണ് കുടുംബങ്ങള്‍ ചോദിക്കുന്നത്. മണ്ണ് മൂടിക്കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കാന്‍ പോലും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്കാണ് തുടര്‍ച്ചയായി ബാങ്കുകളുടെ തിരിച്ചടവ് നോട്ടീസുകള്‍ എത്തുന്നത്.

കവളപ്പാറ ദുരിതബാധിതരോട് ബാങ്കിന്റെ ക്രൂരത; ധനസഹായത്തില്‍ നിന്ന് ലോൺ അടവ് പിടിച്ചു
കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത കുടുംബത്തിനുള്ള പുനരധിവാസ ഫണ്ടില്‍ കയ്യിട്ട് വാരി ബാങ്കിന്റെ നടപടി. വീട് നിര്‍മ്മിക്കാന്‍ അക്കൗണ്ടിലേക്ക് വന്ന സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നാണ് നേരത്തെയുള്ള ലോണിന്‍റെ തിരിച്ചടവ് ഗ്രാമീണ്‍ ബാങ്ക് ഞെട്ടികുളം ശാഖ ഈടാക്കിയത്. ഉപഭോക്താവായ കവളപ്പാറ ഓട്ടുപാറ വേലയുധന് ഇപ്പോളും വീട് പണി പൂര്‍ത്തിയാകാനായിട്ടില്ല.
കവളപ്പാറ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോന്ന കുടുംബങ്ങളിലൊന്നാണ് വേലായുധന്റേത്. പൂര്‍ണ കാഴ്ച ശേഷിയില്ല. നേരത്തെ തളര്‍ന്നുപോയ ശരീരം ഇപ്പോഴാണ് അല്‍പം ഭേദമായത്, ഹൃദ്രോഗിയുമാണ് കൂടിയാണ് ഇദ്ദേഹം. 2013 ല്‍ ഒരു ലക്ഷം രൂപ ഗ്രാമീണ്‍ ബാങ്ക് ഞെട്ടികുളം ശാഖയില്‍ നിന്ന് കാര്‍ഷിക ലോണെടുത്തിരുന്നു. 2019 ല്‍ ഈടുവച്ച ഭൂമിയും ജീവനോപാധിയായ കടമുറിയും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പുനരധിവാസത്തിന് പാസായത് 10 ലക്ഷം രൂപയാണ്. 6 ലക്ഷത്തിന് സ്ഥലം വാങ്ങി. ബാക്കിയുള്ള നാല് ലക്ഷം മുഴുവനും ബാങ്ക് കൈമാറിയില്ല. ലോണിന്റെ തിരിച്ചടവായ 72000 രൂപ പിടിച്ചു.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തുക മുഴുവനും നല്‍കണമെന്ന് വേലായുധന്‍ കരഞ്ഞു പറഞ്ഞിട്ടും കാര്യമുണ്ടായില്ല.ഇപ്പോഴും ഈ കുടുംബത്തിന്റെ വീടു പണി പൂര്‍ത്തിയാകാതെ കിടക്കുന്നു. റവന്യൂ വകുപ്പിനുള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിരുന്നു. വീടിന് വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇവര്‍.
