തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ  പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.

ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി  സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്‌വൈസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിൻമെന്റ്  സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.

അതേസമയം ,സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: ലോക്ക്ഡൗണില്‍ പുതിയ രോഗികളില്ലാത്ത രണ്ടാം ദിനം; ഒരാള്‍ക്ക് കൂടി രോഗമുക്തി, ആകെ 401 പേര്‍ക്ക് കൊവിഡ് ...