കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ സംഭാവന കുറഞ്ഞു പോയെന്ന കാരണത്താൽ കടയിലെ ജീവനക്കാരനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറില്‍ ഓഗസ്റ്റ് പതിനഞ്ചിനാണ് സംഭവം. 

വാർഡ് കൗൺസിലർ ജഗദംബിക സുദർശന്‍റെ നേതൃത്വത്തിൽ പിരിവിനെത്തിയ സിപിഎം പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മനു പറയുന്നത്. ദുരിതാശ്വാസ ധനസമാഹരണത്തിനായി എത്തിയവര്‍ക്ക് നൂറു രൂപയാണ് കടയുടമ നല്‍കിയത്. എന്നാൽ തുക കുറഞ്ഞു പോയെന്നാരോപിച്ച് കൗൺസിലറും സംഘവും പണം തിരികെ നൽകി. 

തിരികെ പോകുന്നതിനിടെ സംഘം കടയിലെ സ്റ്റിക്കറില്‍ കേടുപാടുണ്ടാക്കിയത് ചോദ്യം ചെയ്തതോടെ കടയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംഭവത്തിന് ശേഷം സിപിഎം നേതാക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്നും കടയുടമ പരാതിപ്പെടുന്നു. ഉടമ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്നും വിമര്‍ശനമുണ്ട്. 

മുടിവെട്ടിന്‍റെ പേരില്‍ ലഹരി മരുന്ന് കച്ചവടമാണ് ബ്യൂട്ടിപാര്‍ലറില്‍ നടക്കുന്നത്. സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടത് ചോദ്യം ചെയ്തപ്പോള്‍ എന്നെ തെറിവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. അതു മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരോ കള്ളക്കഥകള്‍ ഉണ്ടാക്കുന്നത്  -  സിപിഎം കൗണ്‍സിലര്‍ ജഗദംബിക സുദര്‍ശന്‍ 

കടയിലുണ്ടായ നാശത്തിന് നഷ്ടപരിഹാരം തേടിയാണ് കേസ് കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ അതിന്‍റെ പേരില്‍ നിരന്തരം ഭീഷണി നേരിടുകയാണ്. ഒരു കുടുംബമൊക്കെയുള്ള സാധാരണക്കാരനാണ് ഞാന്‍. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാണ് ജീവിക്കാനാവുക - കടയുടമയായ മനു