രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി
രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. അതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരിക്കുന്നത്.