ബെംഗ്ലൂരു: കേരളത്തിൽ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.

നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.