കൊച്ചി: കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. സമ്പത്തിന്റെ നിയമനത്തിൽ യുഡിഎഫിനു യോജിപ്പില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

ഇത് കേരളത്തിലെ എംപിമാരെ അവഹേളിക്കലാണ്. സർക്കാർ പ്രവർത്തനം തുടങ്ങി മൂന്ന് വർഷത്തിന് ശേഷം എന്തിനാണ് ഇത്തരമൊരു നിയമനമെന്നും ബെന്നി ബെഹന്നാൻ ചോദിച്ചു. സർക്കാർ ഇതുവരെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ സമ്പത്തുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ് പോലും എംപിമാർക്ക് തന്നിട്ടില്ല. ഇങ്ങനെ ഉള്ളപ്പോൾ ദില്ലിയിലെ പുതിയ സർക്കാർ പ്രതിനിധിയുമായി എങ്ങനെയാണു പ്രവർത്തിക്കുകയെന്നും ബെന്നി ബെഹന്നാൻ ചോദിച്ചു.

ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്‍റെ നിയമനം. സംസ്ഥാന വികസനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാന പ്രതിനിധിയായി ദില്ലിയിൽ നിയമിക്കപ്പെട്ട സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും.

2009 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുന്‍പാണ് സമ്പത്തിന് പുതിയ പദവി നല്‍കി കേരള സര്‍ക്കാര്‍ ദില്ലിയിലേക്ക് അയക്കുന്നത്.