ബെന്നി ബഹനാൻ്റെ 'ഇഴയഴിഞ്ഞുപോയ ഇന്നലെകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു. കേരള വികസനത്തിന് മാർക്സിസ്റ്റുകൾ തടസ്സമാണെന്ന് പുസ്തകം തെളിയിക്കുന്നതായി എ.കെ. ആൻ്റണി പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് എംപി ബെന്നി ബഹനന്റെ പുതിയ പുസ്തകം ‘ഇഴയഴിഞ്ഞുപോയ ഇന്നലെകൾ’ പുറത്തിറക്കി. പ്രകാശന ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ എ.കെ. ആന്റണി, കെ. മുരളീധരൻ, എം.എം. ഹസ്സനും സിപിഎമ്മിൻ്റെ വികസന കാപട്യത്തെ അതിരൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ കേരളം സൃഷ്ടിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് തോന്നുമെന്ന് എംഎം ഹസ്സൻ പരിഹസിച്ചു. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ തടസം സൃഷ്ടിച്ചത് മാർക്സിസ്റ്റുകാരാണെന്ന് ബെന്നിയുടെ പുസ്തകം തെളിയിക്കുന്നുവെന്ന് എകെ ആൻ്റണി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ അധികാരത്തിൽ തുടർന്നാൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ തകരുമെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.
സിപിഎം അധികാരത്തിൽ ഇരിക്കുമ്പോൾ വികസനവാദിയും പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ വികസനവിരോധിയുമാണെന്ന് എംഎം ഹസ്സൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ഉപജ്ഞതാവ് പിണറായി വിജയനാണെന്ന് പറയുന്നത് തെറ്റാണെന്നും, അതിന്റെ സംഭാവന ഉമ്മൻ ചാണ്ടിയുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും ആഴത്തിൽ കേരള രാഷ്ട്രീയത്തെ പഠിച്ച് പുസ്തകമാക്കിയ കോൺഗ്രസുകാരൻ കേരളത്തിൽ ബെന്നി ബഹന്നാൻ അല്ലാതെ മറ്റൊരാളില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. പിണറായി വിജയൻ അധികാരത്തിൽ തുടരുരുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുസ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് കെ മുരളീധരനും കുറ്റപ്പെടുത്തി.


