മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

കൊച്ചി: നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബെന്നി ബഹ്നാന്‍ എംപി. പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല, എന്നാല്‍ ആളുകള്‍ പോകാതിരിക്കാനും പിടിച്ച് നിർത്താനും ശ്രമിക്കണമെന്ന് ബെന്നി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി നടപടിയില്‍ വിഷമമുള്ളവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനായില്ല, എന്നാൽ അവര്‍ പാര്‍ട്ടി വിട്ട് പോയതെന്തെന്ന് കോൺഗ്രസ് പരിശോധിക്കണം. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ പാർട്ടി തയ്യാറാകണം. പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞി.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധിച്ച് സർക്കാർ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പുതിയ പ്രസ്താവന സ്വാഗതാർഹമാണ്. മതസൗഹാർദ്ധത്തിലൂടെ മതേതരത്ത്വം എന്നതാണ് കോൺഗ്രസ് നിലപാട്. എന്നാല്‍ അതിൽ പക്ഷം പിടിക്കരുത്, അതല്ല കോൺഗ്രസ് നയമെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona