Asianet News MalayalamAsianet News Malayalam

ബെവ്കോയ്ക്ക് കെണിയായി ബെവ്ക്യൂ ആപ്പ്; വരുമാനത്തിൽ വൻ ഇടിവ്, ബാറുകളിൽ കച്ചവടം പൊടിപൊടിച്ചു

ആപ്പ് നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യമാസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് 22,18,451 ടോക്കണ്‍ കിട്ടിയപ്പോള്‍ ബാറുകള്‍ക്കാകട്ടെ 35,80,708 ടോക്കണുകള്‍ കിട്ടി.

BEVCO lost business due to bevq app
Author
Thiruvananthapuram, First Published Jan 22, 2021, 5:07 PM IST

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ വന്‍ ഇടിവ്. ബെവ്ക്യൂ ആപ്പ് വഴിയുള്ള ടോക്കണുകള്‍ കൂടുതലും ബാറുകള്‍ക്കായിരുന്നുവെന്നും മുന്‍വർഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ വില്‍പ്പന പകുതിയേളം ഇടിഞ്ഞെന്നും എക്സൈസ് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

കോവിഡ് കാലത്ത് മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മെയ് 28-നാണ് ബവ്ക്യൂ ആപ്പ് നിലവില്‍ വന്നത്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് പുറമേ ബാറുകളിലും ബീര്‍ ആൻഡ് വൈന്‍ പാര്‍ലറുകളിലും മദ്യം പാഴ്സലായി നല്‍കുന്നതിന് ആപ്പ് വഴിയുള്ള ബുക്കിഗം നിര്‍ബന്ധമാക്കിയിരുന്നു. ആപ്പിലെ ബുക്കിംഗില്‍ കൂടുതലും ബാറുകളിലേക്കാണെന്ന് ആക്ഷേപം ഉയർന്നു. ഇതി ശരിയാണെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. 

ആപ്പ് നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യമാസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് 22,18,451 ടോക്കണ്‍ കിട്ടിയപ്പോള്‍ ബാറുകള്‍ക്കാകട്ടെ 35,80,708 ടോക്കണുകള്‍ കിട്ടി. ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തിലും ഇത് പ്രതിഫലിച്ചു . പോയവര്‍ഷം 2019 ല്‍ 14707 കോടിരൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. 

ഇത്തവണ ഇതുവരെ അത് 8861 കോടി മാത്രമാണ്. എക്സൈസ് നികുതി 35 ശതമാനം കൂടിയതിനു ശേഷവും വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. ഓണക്കാലത്തെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായെന്നും ബാറുകള്‍ക്ക് പാഴ്സല്‍ നല്‍കാന്‍ അനുമതി നില്‍കിയതാണ് ഇതിന് കാരണമെന്നും എക്സൈസ് മന്ത്രി സഭയെ അറിയിച്ചു.

വരുമാനം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇതോടെ വ്യക്തമായി. നിയമസഭയില്‍ വിവിധ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് എക്സൈസ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്
 

Follow Us:
Download App:
  • android
  • ios