മദ്യവിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. ഇക്കാര്യങ്ങളിൽ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. 

തിരുവനന്തപുരം: മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാന്‍ ബെവ്കോ തീരുമാനം. ഇതിന് വേണ്ടി കുറഞ്ഞ നിരക്കിൽ റമ്മോ ബ്രാണ്ടിയോ വെയര്‍ഹൗസിൽ നിന്ന് നല്‍കണം. മദ്യവിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. നിയന്ത്രിതമായ അളവിലാകും മദ്യം നൽകുക. ഇക്കാര്യങ്ങളിൽ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്കോ എംഡി അറിയിച്ചു. അതേ സമയം മദ്യത്തിന് കുറിപ്പടിനൽകണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു.

മദ്യാസക്തിയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മദ്യം ലഭിക്കാൻ ഡോക്ടറുടെ കുറിപ്പടി നല്‍കിയാൽ മതിയെന്ന ഉത്തരവുമായി സര്‍ക്കാരെത്തിയത്. ഇതിനെതിരെ നേരത്തെ തന്നെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറായില്ല . ഓപികളില്‍ ഇത്തരത്തിലുള്ള ആളുകള്‍ എത്താനും മദ്യാസക്തി ഉണ്ടെന്ന കുറിപ്പടി നല്‍കാതിരുന്നാൽ ചിലര്‍ അക്രമാസക്തരാകാനും സാധ്യത ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .