കൊച്ചി: മദ്യവിതരണത്തിനായുള്ള ബെവ്ക്യു ആപ്പിന്റെ കാര്യത്തിൽ ഗൂഗിളിന് റിവ്യു തുടരുന്നു. ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടില്ല. എപ്പോൾ മുതൽ ആപ്പ് ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആപ്പ് പ്രവർത്തിപ്പിക്കാനാകുമോയെന്നും വ്യക്തമല്ല.

സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി. രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രം ബുക്കിംഗ് എന്ന സമയക്രമം ആദ്യദിവസം ബാധകമല്ല. ഇന്ന് രാത്രി ആപ്പ് പ്രവർത്തനം തുടങ്ങിയാലും ബുക്കിംഗ് സ്വീകരിക്കും. നാളെ രാവിലെ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഫെയർകോഡ് അധികൃതർ വ്യക്തമാക്കി.

രാത്രി 10 മണിക്ക് മുൻപ് ബെവ്‌ക്യു ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്. ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ ആണ് ആപ്പ് വൈകുന്നത്. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു. 4,64,000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെ 10 ലക്ഷം എസ്എംഎസ് സർവീസ് പ്രൊവൈഡർക്കു കിട്ടിയിട്ടുണ്ട്. ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ എസ്എംഎസ് ബുക്കിങ് ആക്റ്റീവ് ആകില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക്‌ ചെയ്യേണ്ടി വരുമെന്നും ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു. ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിര്‍മ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസിന്‍റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയത്. 

മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിൽ വ്യാജ ആപ്പ് പുറത്തിറക്കിയതിനെതിരെ പൊലീസ് അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനാണ് അന്വേഷണ ചുമതല. ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി സ്‌പർജൻ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുമെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്.