കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒ വി വിഷ്ണു (36) ആണ് അറസ്റ്റിലായത്. പകരം ശാന്തിക്കാരനായി ഇയാൾ ക്ഷേത്രത്തിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നിന് പുലർച്ചെ നടന്ന മോഷണം, രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറന്നപ്പോഴാണ് അറിയുന്നത്. ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും തോർത്തും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ പ്രദീപ്, ഗോപകുമാർ, സീനിയർ സിപിഒ വിനയചന്ദ്രൻ, സിപിഒമാരായ അനീഷ്, സഫീർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



