Asianet News MalayalamAsianet News Malayalam

ഭീമാ കൊറേ​ഗാവ്; ഹാനി ബാബുവിന്‍റെ ചികിത്സ ഉറപ്പാക്കാൻ സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി

കുടുംബം നൽകിയ കത്ത് കിട്ടിയെന്നും പരിമിതികളുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

bhima koregaon case pinarayi vijayan about hani babus health  issues
Author
Thiruvananthapuram, First Published May 12, 2021, 7:29 PM IST

തിരുവനന്തപുരം: ഭീമാ കൊറേ​ഗാവ് കേസിൽ ജയിലിൽ കഴിയുന്ന ദില്ലി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കാൻ സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്ന് കുടുംബം നേരത്തെ കത്ത് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സാമൂഹികപ്രവർത്തകൻ ഗൗതം നവലാഖയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ച നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. 

കഴിഞ്ഞ വർഷം ജൂലായ് മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുന്ന ദില്ലി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ച ശേഷം തുടർചികിത്സ നൽകാൻ ജയിൽ അധികൃതർ തയ്യാറാകുന്നില്ലെന്ന് കാട്ടിയാണ് ഹാനി ബാബുവിന്റെ ഭാര്യയും ദില്ലി മിറാൻഡ കോളേജ് അദ്ധ്യാപികയുമായ  ജെനി  റൊവീനയും സഹോദരൻമാരും മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒപ്പം പോകാൻ ഉദ്യോഗസ്ഥർ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാത്തത്. ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വൃത്തിയാക്കാൻ കഴിയുന്നില്ല. കണ്ണിന്റെ കാഴ്ച്ച മങ്ങിയ നിലയിലാണെന്നും കുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. കുടുംബം നൽകിയ കത്ത് കിട്ടിയെന്നും പരിമിതികളുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ഗൗതം നവലാഖയ്ക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios