കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരോഗമിക്കവേ, എംഎൽഎമാരുടെ പിന്തുണയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. 40 ൽ അധികം പേരുടെ പിന്തുണയുണ്ടെന്ന കെസി പക്ഷത്തിന്‍റെ വാദം തെറ്റാണെന്നും, തങ്ങൾക്കാണ് ഭൂരിപക്ഷമെന്നും വിഡി-ആർസി പക്ഷങ്ങൾ അവകാശപ്പെട്ടു. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ടതോടെയാണ് കണക്കുകളിൽ മാറ്റം വന്നെന്നാണ് വാദം

തിരുവനന്തപുരം: 10 വർഷത്തിനിപ്പുറം വമ്പൻ തിരിച്ചുവരവിലൂടെ അധികാരം നേടി ദിവസങ്ങൾ പിന്നിടുമ്പോഴും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നീളുന്നു. ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ പോരും കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല

അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.