മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് അറ്റകുറ്റപ്പണി നടത്താനാകാത്ത നിലയിലാണെന്നും പൊളിച്ചുനീക്കേണ്ടിവരുമെന്നും വി.ഡി. സതീശൻ പറഞ്ഞതിനെതിരെ മുൻ എംഎൽഎ കെ.ജെ. മാക്സി രംഗത്തെത്തി.എന്നാൽ താമസക്കാരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് കെ.ജെ. മാക്സി മാപ്പുപറയണമെന്നും, ധൈര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വന്ന് താമസിക്കണമെന്നും താമസക്കാർ ആവശ്യപ്പെട്ടു
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്താനാകാത്ത അവസ്ഥയിലാണെന്നും പൊളിച്ചുനീക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയിൽ എതിർപ്പുമായി മുൻ കൊച്ചി എംഎൽഎ കെ.ജെ. മാക്സി. ഫ്ലാറ്റ് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് എൽഡിഎഫിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കെ.ജെ. മാക്സിയുടെ ആരോപണം.
ലെൻസ്ഫെഡ് ഏഷ്യാനെറ്റ് ന്യൂസ് എൻജിനീയേഴ്സ് അവാർഡ് വേദിയിൽ ഇന്നലെയാണ് മുണ്ടംവേലിയിലെ ഫ്ലാറ്റിന്റെ നിലവാരം സംബന്ധിച്ച് വി.ഡി. സതീശൻ പ്രതികരിച്ചത്. അറ്റകുറ്റപ്പണികൾ നടത്താവുന്നതിനും അപ്പുറമാണ് ഫ്ലാറ്റിന്റെ അവസ്ഥയെന്നും, ആവശ്യമായ സാഹചര്യത്തിൽ കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സതീശന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കെ.ജെ. മാക്സിയുടെ നിലപാട്. എൽഡിഎഫ് സർക്കാരിനെയും പദ്ധതിയെയും അപമാനിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഫ്ലാറ്റിലെ താമസക്കാർ എവിടെനിന്നാണ് എത്തിയതെന്ന് ഓർക്കണമെന്നും, ഭരണം മാറിയപ്പോൾ ഒതളങ്ങ പോലെ അവർ നിലപാട് മാറ്റിയെന്നുമുള്ള പരാമർശവും കെ.ജെ. മാക്സി നടത്തി.
അതേസമയം, മുൻ എംഎൽഎയുടെ പരാമർശത്തിനെതിരെ ഫ്ലാറ്റിലെ താമസക്കാർ രംഗത്തെത്തി. താമസക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം പിൻവലിച്ച് കെ.ജെ. മാക്സി മാപ്പുപറയണമെന്ന് അവർ ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കിൽ ഫ്ലാറ്റിലെത്തി താമസിച്ച് കെട്ടിടത്തിന്റെ നിലവാരം നേരിട്ട് മനസ്സിലാക്കണമെന്നും താമസക്കാർ പ്രതികരിച്ചു.
ഫ്ലാറ്റിന്റെ സുരക്ഷയും നിലവാരവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് വിഷയത്തിൽ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ശക്തമാകുന്നത്. കെട്ടിടത്തിന്റെ യഥാർഥ സാങ്കേതിക നിലവാരം സംബന്ധിച്ച പരിശോധനകളും തുടർനടപടികളുമാണ് ഇനി നിർണായകമാകുക.

