ആലപ്പുഴ: ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. രമേശ് ചെന്നിത്തല, കെ.ബാബു, വിഎസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. പരാതി വിജിലൻസ് വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ബാർ ലൈസൻസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലക്കും കെ ബാബുവിനും വിഎസ് ശിവകുമാറിനുമെതിരായ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് ഇടതുമുന്നണി വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നും എൽഡിഎഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.