Asianet News MalayalamAsianet News Malayalam

വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം; നടപടിയുമായി കെഎസ്ഇബി, രണ്ട് പേര്‍ക്ക് സസ്പെൻഷന്‍

അസി.എൻജീനിയർ ടെനി, സബ് എൻജീനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പൂർത്തിയാകാത്ത ജോലിക്ക് പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ.

bike passenger died due electric post fell in kozhikode kseb take action
Author
Kozhikode, First Published Jun 28, 2022, 7:45 PM IST

കോഴിക്കോട് : കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസി.എൻജീനിയർ ടെനി, സബ് എൻജീനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പൂർത്തിയാകാത്ത ജോലിക്ക് പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ.

കഴിഞ്ഞ 23നാണ് കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത് ഉണ്ടായ അപകടത്തില്‍ ബേപ്പൂർ സ്വദേശിയായ അർജുൻ (22) ആണ് മരിച്ചത്. പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പൊടുന്നനെ പഴയ പോസ്റ്റ് മറിഞ്ഞ് റോഡിലേക്ക് പതിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ, വീട്ടിലേക്ക് പോവുകയായിരുന്നു ബേപ്പൂര്‍ സ്വദേശി അര്‍ജ്ജുന്‍റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കെഎസ്ഇബി കരാറുകാരനെ ബേപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലികോയ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തിൽ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. 

ബോര്‍ഡിന്‍റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും കരാറുകാരന്‍റെ വീഴ്ചയാണ് അപകടകാരണമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറഞ്ഞിരുന്നു. അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി  അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios