‘ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട' എന്നാണ് ബീഫും പൊറോട്ടയും നൽകിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പരാമർശത്തിന് ബിന്ദു മറുപടി നൽകിയത്.
കൊച്ചി: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന യുഡിഎഫ് എംപി എൻ.കെ. പ്രേമചന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. ബീഫും പൊറോട്ടയും നൽകിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പരാമർശത്തിനാണ് ബിന്ദു മറുപടി നൽകിയത്. ‘ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്’ എന്നായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു എൻകെ പ്രേമചന്ദ്രന്‍റെ പരാമർശത്തെ പരിഹസിച്ചത്.
യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്‍റെ വിവാദ പരാമർശം. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിന് ശേഷം പൊലീസ് വാനിൽ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ഗവൺമെന്റുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകിയതെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പ്രേമചന്ദ്രൻ അവകാശപ്പെട്ടു. 2018ൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചപ്പോൾ, വിധി പകർപ്പ് കൈയിൽ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു.


