പോസ്റ്റിന് മുകളിൽ നിന്നും വെടിശബ്ദം ഉയരുകയും, പിന്നാലെ സാനു മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇത് കണ്ട് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.

കോയമ്പത്തൂർ: മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ ജോലിക്കിടെ ജീവനൊടുക്കി. സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു സാനു. ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിലായിരുന്നു സാനുവിന് ഡ്യൂട്ടി. പോസ്റ്റിൽ കയറി 10 മിനിറ്റിനകം എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോസ്റ്റിന് മുകളിൽ നിന്നും വെടിശബ്ദം ഉയരുകയും, പിന്നാലെ സാനു മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇത് കണ്ട് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻതന്നെ ഡോക്ടറും സംഘവുമെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ സൈനികനെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാനുവിന് ജോലിയിൽ വളരെയേറെ സമ്മർദം ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കുടുംബം. ഇന്നലെ വൈകിട്ട് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)