ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജെയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക് ശേഷമാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. നാളെ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതർ അറിയിച്ചു.

സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാർപ്പിക്കാനും ജയില്‍ അധികൃതർ ആലോചിക്കുന്നുണ്ട്. നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് , റിജേഷ് എന്നിവരെയും, സിസിബി അറസ്റ്റ് ചെയ്ത കന്നഡ സിനിമാ താരങ്ങളെയും ഇതേ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. വരുന്ന ബുധനാഴ്ചയാണ് ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. നവംബർ 25 വരെയാണ്  കോടതി ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.