മുകേഷിന്‍റെ രാജി: തിരക്ക് കൂട്ടരുത്, ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേ? പ്രതികരിച്ച് ബിനോയ് വിശ്വം
ഹേമ കമ്മിറ്റി പുറത്ത് റിപ്പോർട്ട് വന്നപ്പോൾ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചതാണ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം : മുകേഷിന്‍റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. ഹേമ കമ്മിറ്റി പുറത്ത് റിപ്പോർട്ട് വന്നപ്പോൾ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചതാണ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്.
ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാര്‍ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ ഞങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്തെന്ന് വരികയും സർക്കാർ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോൾ അതിന്റെ സത്യസന്ധതയും നീതിപൂർവതയും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. അതിന്റെ ഗൗരവത്തോടെ സംസ്ഥാന സർക്കാർ ഇത് കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
രാജിയാവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്‍റെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്.
മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാന പരാതിയില്‍ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജൻ പ്രതികരിച്ചു.