കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം നടന്നതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി. വിവിഐപി വാഹനത്തിന് 50 മീറ്റർ അരികിൽ വരെ പ്രതിഷേധക്കാർ എത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ ബി ബി ഗോപകുമാർ ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി.
കൊല്ലം: കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി ബി ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വിവിഐപി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ഇത്തരം ജനപ്രതിനിധികൾ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു. ഇതൊരു സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സാരവത്കരിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.
വൻ പൊലീസ് സന്നാഹവും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന ഒരു സ്ഥലത്ത്, സുരക്ഷാ വലയം ഭേദിക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞത് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണോ എന്ന് പരിശോധിക്കണം. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കെതിരെയും, സുരക്ഷാ ലംഘനം നടത്തിയ വ്യക്തികൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബി ബി ഗോപകുമാര്‍ പരാതി നൽകിയിട്ടുണ്ട്.


