ചെങ്ങന്നൂർ പാണ്ടനാട് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസണിലെ മൂന്നാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടൻ വിജയിച്ചു. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അരോമ, നിരണം ചുണ്ടനുകളെ മേൽപാടം പരാജയപ്പെടുത്തിയത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ ജലമേളയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു.

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ മൂന്നാം ലീഗ് പോരാട്ടത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പാടം ചുണ്ടന്‍ (3.21.400 മിനിറ്റ്) വിജയികളായി. ചെങ്ങന്നൂര്‍ പാണ്ടനാട് മിത്രമഠം നെട്ടായത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടനെയും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെയും മൈക്രോ സെക്കന്റുകള്‍ക്ക് തറപറ്റിച്ചാണ് മേല്‍പാടം ജേതാക്കളായത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെങ്ങന്നൂരിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനദാനം നടത്തി. നാല് തവണ അടുപ്പിച്ച് സിബിഎല്‍ ചാമ്പ്യന്‍ പട്ടം ലഭിച്ചത് വെറുതെയല്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് മിത്രമഠം നെട്ടായത്തില്‍ ഇറങ്ങിയത്. ആദ്യ ലാപ്പില്‍ മേല്‍പ്പാടം ലീഡ് നേടി. എന്നാല്‍ രണ്ടാം ലാപ്പില്‍ മൂന്നു വള്ളങ്ങളും ആവേശകരമായ രീതിയില്‍ ഒപ്പത്തിനൊപ്പം എത്തി. പകുതിയോടടുത്തപ്പോള്‍ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ രണ്ട് തുഴപ്പാടിന് മുന്നിലായി. മൂന്നാം ലാപ്പില്‍ വീണ്ടും ഒപ്പത്തിനൊപ്പം. അവസാന ലാപ്പില്‍ കഴിഞ്ഞ രണ്ട് ലീഗ് മത്സരത്തിലും ഒന്നാമതെത്തിയ അരോമ ചുണ്ടനെ 180 മൈക്രോസെക്കന്റുകള്‍ക്ക്(3.21.580 മിനിറ്റ്) അടിതെറ്റിച്ച് മേല്‍പാടം വിജയകിരീടമണിഞ്ഞു. നിരണം മൂന്നാമത് ഫിനിഷ് ചെയ്തു.(3.22.013 മിനിറ്റ്).

വള്ളം കളി പോലുള്ള തനത് കായികയിനങ്ങള്‍ നമ്മുടെ നാടിന്റെ പൈതൃകത്തിന്റെ മുഖമുദ്രയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പ്രൊഫഷണല്‍ മാനം നല്‍കാന്‍ സഹായിച്ച ഏറ്റവും മികച്ച ആശയമാണ് സിബിഎല്‍. കായികവിനോദത്തിനൊപ്പം സാംസ്ക്കാരിക തനിമ നിലനിറുത്തുവാനും ഈ ഉദ്യമം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വിജയികള്‍ക്കുള്ള പാണ്ടനാട്ടെ വിവേകാനന്ദ ട്രോഫിയടക്കമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വള്ളംകളിയുടെ ആവേശം കഴിഞ്ഞ മൂന്ന് വേദികളിലും നേരിട്ട് കാണാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള മത്സരങ്ങള്‍ നടത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് 11 കോടി രൂപയാണ് ചെലവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാനാണ് വള്ളംകളിയുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുൻ എം.എൽ.എ.മാരായ മാമ്മൻ ഐപ്പ്, ശോഭന ജോർജ്ജ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗ്ഗീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചെങ്ങന്നൂരിലെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇങ്ങനെയാണ്. മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) മൂന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) അഞ്ച്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ആറ്, ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) ഏഴ് നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ-തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 4), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.