കേരളത്തിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ) നീട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെ ബിജെപി രംഗത്ത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി വോട്ട് തട്ടിയെടുക്കാനാണ് മറ്റു പാർട്ടികൾ ശ്രമിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണൻ. 

തൃശൂർ: കേരളത്തിൽ എസ് ഐ ആർ നീട്ടിവയ്ക്കണമെന്ന വിഷയത്തിൽ പ്രതികരിച്ച് ബി ഗോപാലകൃഷ്ണൻ. പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ തൽക്കാലം വേണ്ടതില്ല എന്ന നിലപാടാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളതെന്നും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടാക്കി വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് മറ്റു പാർട്ടികൾ നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കലിനെ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ കേന്ദ്രമാണ് കേരളം. വോട്ടർപട്ടിക ശുദ്ധീകരണം എത്രയും വേഗം കേരളത്തിൽ നടപ്പാക്കണമെന്നും ബിജെപി. പിണറായി വിജയന്റെ ഭരണത്തിനെതിരെ ചിന്തിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയിൽ തന്നെ വോട്ടർപട്ടിക ശുദ്ധീകരണം നടപ്പാക്കണമെന്നും ബിജെപിയുടെ ആവശ്യം.

കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന് ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാന ആവശ്യം കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികളും ഉന്നയിച്ചിരുന്നു. എസ്ഐആറിൻ്റെ ചുമതലയുള്ള കളക്ടർമാരും ഡെപ്യൂട്ടി കലക്ടർമാരും തദ്ദേശ തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർമാരായതിനാൽ നടപടികളിൽ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഉയരുന്ന വലിയ ആശങ്ക. ഇത് കണക്കിലെടുത്താണ് എസ്ഐആർ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിലെ എസ്ഐആർ ഡിസംബറിന് ശേഷമായിരിക്കും നടപ്പാക്കുക.