കൊച്ചി: ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, എന്‍ഡിഎയില്‍ സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്. പാർട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങളിൽ ഉടൻ തീരുമാനമെടുക്കണമെന്ന്, കൊച്ചിയില്‍ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ബിഡിജെഎസ് ആവശ്യപ്പട്ടു. അരൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി യോഗത്തിന് ശേഷം പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് സംഭവിച്ചത് പോലുള്ള കാലതാമസം ഇനി ആവര്‍ത്തിക്കരുതെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. ചുരുക്കം സ്ഥാനങ്ങള്‍ അനുവദിച്ചെങ്കിലും ലഭിച്ചത് ഭരണത്തിന്‍റെ അവസാനനാളുകളില്‍. അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങല്‍ ലഭിച്ചില്ലെന്ന പരാതിയും പാര്‍ട്ടിക്ക് നേരത്തെയുണ്ട്. 

കൂടുതല്‍ ബോര്‍ഡ് ,കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ പാര്‍ട്ടി കണ്ണുവെക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീററിനായി കാലങ്ങളായി സമര്‍ദ്ദം ചെലുത്തുന്നു. കൊച്ചിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ഇതെല്ലാം ചര്‍ച്ചയായി. താമസിയാതെ ഇക്കാര്യങ്ങളി‍ല്‍ പരിഹാരം ഉണ്ടാകും എന്ന് മാത്രമായിരുന്നു തുഷാറിന്‍റെ പ്രതികരണം. അരൂരില്‍ ആര് മത്സരിക്കുമെന്ന കാര്യം തര്‍ക്ക വിഷയമല്ലെന്നുംഅദ്ദേഹം പറഞ്ഞു.

എന്‍ഡിഎ എങ്ങിനെ ശക്തിപ്പെടുത്താം എന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത് എന്നായിരുന്നു ബിജെപിഅധ്യക്ഷന്‍ പിഎസ് ശ്രീധര്‍പിളളയുടെപ്രതികരണം. അടുത്ത മാസം 15 ന് നടക്കുന്ന എന്‍ഡി എ യോഗത്തിന് മുന്നോടിയായി വിവിധ കക്ഷികളുമായുള്ള ഉഭയകക്ഷകള് ചര്‍ച്ചകള്‍ തുടരുമെന്നും പിള്ള പറഞ്ഞു.