ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.

കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസ്സും ആരോപണം ഏറ്റെടുത്തു. എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിൻ്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫീസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.