സിപിഎം നേതാവും എംഎൽഎയുമായ എംഎംമണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തത്. ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിക്ക് സംഘടനയുമായി ബന്ധമൊന്നുമില്ലെന്നും ബിജെപി അധ്യക്ഷൻ
കോഴിക്കോട്: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് (Swapna Suresh) നിയമനം നൽകിയ എച്ച്ആർഡിഎസ് (HRDS) എന്ന എൻജിഒയുമായി ബിജെപിക്ക് (BJP) യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). സിപിഎമ്മിനാണ് സ്ഥാപനവുമായി ബന്ധമെന്ന ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തതെന്നും ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു. 'എസ്എഫ്ഐയുടെ ഒരു മുൻ നേതാവാണ് സ്വപ്നക്ക് ജോലി ശരിയാക്കി നൽകിയത്. സിപിഎമ്മിന്‍റെ ഉന്നതനായ നേതാവാണിപ്പോളിദ്ദേഹം'. ബിജെപിക്ക് സ്ഥാപനവുമായി ബന്ധമില്ലെന്നും ബിജെപി അധ്യക്ഷൻ വിശദീകരിക്കുന്നു.
സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാർ ചെയർമാനായ എൻജിഒയാണ് എച്ച്ആർഡിഎസ്. ബിജെപി ബന്ധമുള്ള സംഘടനയിൽ സ്വപ്നക്ക് നിയമനമെന്നത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വിശജീകരണം.
എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ്സിൽ നിയമിച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്നാണ് എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 'എങ്ങനെയാണ് എച്ച്ആർഡിഎസ്സിൽ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് അറിയില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്'. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു.
ഈ മാസം പതിനൊന്നാം തീയതിയായിരുന്നു പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന എൻജിഒ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് ലഭിച്ചത്. എച്ച്ആർഡിഎസിന്റെ തൊടുപുഴ ഓഫീസിലെത്തിയ സ്വപ്ന കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആർഡിഎസ്. വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി.
