Asianet News MalayalamAsianet News Malayalam

കെ സുന്ദരയുടെ വെളിപ്പെടുത്തൽ; എല്ലാം കെട്ടിച്ചമച്ച കഥ, ആരോപണങ്ങള്‍ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ

അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ പറഞ്ഞു.

bjp kasaragod district president  about k sundara disclosure
Author
Kasaragod, First Published Jun 5, 2021, 11:43 AM IST

കാസര്‍കോട്: കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് പറഞ്ഞു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മ‍ഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തുന്നത്. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആവശ്യപ്പെട്ടു. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബിജെപി കര്‍ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios