ശ്രീധരന്‍റെ നിർദ്ദേശങ്ങൾ ബി ജെ പിക്ക് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു
പൊന്നാനി: സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ഇ ശ്രീധരനെ (E Sreedharan) അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) തന്നെ പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരിൽ കണ്ടു. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ മാറുന്നുള്ളൂവെന്നാണ് തന്നോട് ശ്രീധരൻ പറഞ്ഞതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
ശ്രീധരന്‍റെ നിർദ്ദേശങ്ങൾ ബി ജെ പിക്ക് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പിയിൽ പ്രതീക്ഷ ഉണ്ടെന്ന് ശ്രീധരൻ പറഞ്ഞതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സി പി എം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണെന്നും സി പി എം പിന്തുടരുന്നത് താലിബാനിസമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രൻ പരിഹസിച്ചു.
'പരാജയത്തിൽ നിന്ന് പാഠം പഠിച്ചു', സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരൻ
ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന് ഇന്നലെയാണ് ഇ ശ്രീധരൻ പ്രഖ്യാപിച്ചത്. പല കാര്യങ്ങളിലും തിരുത്തൽ വരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്ന വിമർശനത്തോടെയായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ അവതരിപ്പിച്ച മെട്രോമാന്‍റെ പുതിയ നിലപാട് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ശ്രീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകും.
കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനെയും ഒഴിവാക്കിയപ്പോഴും ദേശീയ നേതൃത്വം ശ്രീധരനെ പാർട്ടി ദേശീയ നിർവ്വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. പദവി ഉപേക്ഷിക്കില്ലെങ്കിലും സജീവമാകില്ലെന്ന നിലപാടിലാണ് മെട്രോമാൻ. സംസ്ഥാന ഘടകത്തെ വിമർശിച്ചുകൊണ്ടുള്ള രാഷ്ട്രീയം വിടൽ പ്രഖ്യാപനം കെ സുരേന്ദ്രനെതിരെ പാർട്ടിയിലെ എതിർചേരി കാര്യമായി ഉപയോഗിച്ചേക്കും.
