Asianet News MalayalamAsianet News Malayalam

E Sreedharan quits politics : 'പരാജയത്തിൽ നിന്ന് പാഠം പഠിച്ചു', സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരൻ

പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്ന് ഇ ശ്രീധരൻ മാധ്യമങ്ങളോട് പറയുന്നു. കെ റയിലടക്കമുള്ള കാര്യങ്ങൾ തന്നോട് ആലോചിച്ചിട്ടില്ല. അതിന് രാഷ്ട്രീയവിരോധമാണ് കാരണമെന്ന് ഇ ശ്രീധരൻ.

Metroman E Sreedharan Quits Active Politics
Author
Malappuram, First Published Dec 16, 2021, 12:33 PM IST

മലപ്പുറം: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ (Metroman E Sreedharan). രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും, പക്ഷേ, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് (BJP) രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. 

''ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എന്‍റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്'', എന്ന് ഇ ശ്രീധരൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഇ ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാനനിമിഷം വരെ ഇ ശ്രീധരൻ പൊരുതി നിന്നത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഏക പ്രതീക്ഷ. 

മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നു ഇ ശ്രീധരൻ. തനിക്ക് രാഷ്ട്രീയത്തിൽ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞു. അതിൽ പിന്നീട് ട്രോൾമഴയായി. ബിജെപി പക്ഷേ, ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെത്തന്നെയായിരുന്നു. മെട്രോമാന്‍റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പല തവണ ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയിൽ തിരുവല്ലയിൽ വച്ച് മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഇ ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇ ശ്രീധരനെ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ബിജെപി തെരഞ്ഞെടുപ്പിൽ സംപൂജ്യരായി. 

അഴിമതി രഹിത - വികസന പ്രതിച്ഛായയുള്ള ശ്രീധരനെ മുൻനിർത്താൻ ബിജെപിക്ക് നിർദേശം നൽകിയത് ദേശീയ നേതൃത്വവും ആർഎസ്എസും ചേർന്നാണ്.  ലൗവ് ജിഹാദിനെതിരായ നിയമനിർമ്മാണം അടക്കമുള്ള തീവ്ര ഹിന്ദുത്വ അജണ്ട ഒരു വശത്ത് മുന്നോട്ട് വെക്കുമ്പോൾ മറുവശത്ത് മെട്രോമാൻ വഴി വീശിയത് വികസനകാർഡ്. പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് പുതുക്കിപ്പണിതത് നേട്ടമാക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പണിക്ക് മേൽനോട്ടം വഹിച്ചയാളെത്തന്നെ മുൻനിർത്തി വെല്ലുവിളി തീർക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയി.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞെങ്കിലും സ്ഥിരമായി രാഷ്ട്രീയചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാലക്കാട്ടെ അദ്ദേഹത്തിന്‍റെ വീട് കേന്ദ്രീകരിച്ച് സന്നദ്ധപ്രവർത്തനം നടത്തുകയാണ് അദ്ദേഹം. ദേശീയനേതൃത്വം കേരളത്തിൽ ബിജെപിക്ക് സംഭവിച്ചതെന്തെന്ന് അറിയാൻ വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തേടിയത് ഇ ശ്രീധരനും സി വി ആനന്ദബോസും അടക്കമുള്ളവരിൽ നിന്നാണ്. എന്നാൽ ഇത്തരമൊരു റിപ്പോ‍ർട്ടില്ലെന്നാണ് ബിജെപി സംസ്ഥാനനേതൃത്വം ഉറപ്പിച്ച് പറഞ്ഞത്.

പല കാര്യങ്ങളും നന്നാക്കാതെ കേരളത്തിലെ ബിജെപിക്ക് രക്ഷയില്ലെന്ന് ഇ ശ്രീധരൻ പറയുമ്പോൾ, കേരളനേതൃത്വവുമായി മെട്രോമാനുള്ള സ്വരച്ചേർച്ചയില്ലായ്മയും അതിലൂടെ വ്യക്തമാകുന്നു. മെട്രോമാന്‍റെ ഈ പ്രഖ്യാപനം ബിജെപി നേതാക്കൾക്ക് അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം പെട്ടെന്നെടുത്ത തീരുമാനമാകാം എന്താണ് സംഭവിച്ചതെന്നറിയില്ലെന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios