വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയെച്ചൊല്ലിയുള്ള ആശങ്കകൾ പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചു.
ദില്ലി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ ക്രൈസ്തവ സഭാ നേതൃത്വവുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്താൻ തീരുമാനം. ഈ മാസം 20 ന് ദില്ലിയിൽ ചർച്ച നടത്താനാണ് തീരുമാനം. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചതായി ഷോൺ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആശങ്കയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിക്കാൻ അമിത് ഷാ നേരിട്ടറിയിച്ചതായും ഷോൺ വ്യക്തമാക്കി. സഭ നേതൃത്വത്തെ വിമർശിച്ചത് പി.സി ജോർജിന്റെ ശൈലിയാണ്. കോൺഗ്രസ് നടത്തിയ തെറ്റായ പ്രചാരണത്തിലെ ആത്മരോഷമാണ് താൻ പ്രകടിപ്പിച്ചതെന്നും ഷോൺ അറിയിച്ചു.
2026 മാർച്ചിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി കൊണ്ടു വന്നത്. സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് മറ്റ് സംഘടനകൾക്ക് കൈമാറുന്നത് ഈ നിയമം കർശനമായി തടയുന്നു. ഇത് കാരുണ്യപ്രവർത്തനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് അനാവശ്യമായി ഇടപെടാൻ ഭേദഗതി അധികാരം നൽകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ്
എഫ്സിആർഎ നിയമഭേദഗതിയിൽ സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ് രംഗത്തെത്തി. പ്രശ്‌നമുണ്ടാക്കുന്നത് കോൺഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരെന്നാണ് പി. സി ജോർജ് ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിദേശത്ത് നിന്ന് വരുന്ന പണത്തിൻ്റെ കൃത്യമായ കണക്ക് കാണിക്കണമെന്നാണ് നിയമഭേദഗതി പറയുന്നത്. ബിഷപ്പുമാർ ഇങ്ങനെ ബഹളം വച്ചാൽ അവർക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.


