റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? എന്നും കുറിപ്പിൽ ചോദിക്കുന്നു.
കോഴിക്കോട്: പാനൂര്‍ ബോംബ് നിര്‍മാണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി. സംഭവത്തിൽ കസ്റ്റഡിയിലുള്ള അമൽ എന്നയാളാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവിന്റെ ആരോപണം. റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ വീഡിയോ സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത് പാനൂർ ബോംബ് നിർമ്മാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? എന്നും കുറിപ്പിൽ ചോദിക്കുന്നു. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി അമലാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നയിക്കുന്നതെന്നും കുറിപ്പിൽ പ്രകാശ് ബാബു പറയുന്നു.
കുറിപ്പിങ്ങനെ...
ബോംബെടാ ഇത് ബോംബെടാ. സഖാവ് എംവി ഗോവിന്ദൻ മാസ്റ്ററോടാ. ഇനി കിളി പോയി ഇത് ലഷ്കർ ഇ തോയിബ മാർച്ചാണെന്ന് മാത്രം പറയരുതേ. പാനൂർ ബോംബ് നിർമ്മാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റ് ചെയ്ത പുണ്യാളൻ സഖാവ് അമൽ. മുഖ്യപ്രതി...
അതേസമയം, പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്.
മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഷിബു ബേബി ജോൺ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാൽ തോന്നിയതു പോലെ പറയുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതിനിടെ പാനൂർ സ്ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് രംഗത്തെത്തി. കേസിലെ പൊലീസ് നടപടികൾ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിമർശിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്നും ഷാഫി ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലത്തെത്തണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. എഫ്ഐആറിൽ രണ്ട് പേര് മാത്രം ചേർത്തതിൽ സംശയങ്ങൾ ഉണ്ടെന്നും കെക രമ പറഞ്ഞു. പാനൂരിൽ യുഡിഎഫിന്‍റെ സമാധാന സന്ദേശ യാത്ര തുടരുകയാണ്.
പാനൂര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ; ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി
