മമ്മൂട്ടിയുടെ സന്ദർശനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. രാഷ്ട്രീയവും വ്യക്തിബന്ധവും വേറെയാണെന്നും കേരളത്തിൽ സൗഹൃദം തകർക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

തൃശൂർ: മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. താൻ വളരെ സന്തുഷ്ടനാണെന്നും സ്നേഹവും സൗഹൃദവും വളരെ വലുതാണെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. അതുകൊണ്ടാണ് മമ്മൂട്ടി വന്നത്. മമ്മൂട്ടി മാത്രമല്ല ഉന്നത രാഷ്ട്രീയ നേതാക്കളും വന്നിരുന്നു. കേരളത്തിൽ ഒരുമിച്ചു പോകാൻ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് ഇതിനെയൊക്കെ എതിർക്കുന്നത്. ഈ സൗഹൃദം ഇല്ലാതാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട്. ഇതൊരു മാതൃകയാക്കി എടുക്കണമെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു.

പിണറായി വിജയനും എന്റെ മകളുടെ വിവാഹത്തിന് വന്നിരുന്നു. സതീശനും ചെന്നിത്തലയും വന്നിരുന്നു. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരെയെല്ലാം ഞാൻ നേരിട്ട് ക്ഷണിച്ചു അവർ വന്നു. കേരളത്തിൽ സ്നേഹവും സൗഹൃദവും വളർത്തണം. വിവാഹത്തിന് എത്താൻ കഴിയാത്തത് കൊണ്ട് മുൻമന്ത്രി ആർ ബിന്ദു വീട്ടിലേക്ക് വൈകിട്ട് ഓടിയെത്തി. ചില ആളുകൾക്ക് വിരോധം ഉണ്ടാകാറുണ്ട്. അത് കേരളം ഒരുമിച്ചു പോകരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. ഞാൻ ബിജെപി പ്രവർത്തകനാണ്. എന്റെ രാഷ്ട്രീയ വേറെ വ്യക്തി ബന്ധം വേറെയണ്. സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണ രേഖയില്ല. കേരളം ഒരുമിച്ച് പോകരുത് എന്ന് ആഗ്രഹിക്കുന്ന ഛിദ്ര ശക്തികളാണ് എതിർക്കുന്നത്. മമ്മൂട്ടിക്ക് ഇതൊന്നും ഒരു വിഷയമേയല്ല. അദ്ദേഹം മഹാമനസ്കനായ ആളാണെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു.