നൂറ്റിയൊന്ന് വയസ് തികഞ്ഞ് കേരളത്തിൻ്റെ വിപ്ലവ സൂര്യൻ വി.എസ് അച്യുതാനന്ദന് ഗോവ ഗവർണർ വീട്ടിലെത്തി പിറന്നാൾ ആശംസ നേർന്നു

തിരുവനന്തപുരം: നൂറ്റിയൊന്ന് വയസ് തികഞ്ഞ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസ നേർന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വി.എസിൻ്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്.

വി.എസ്. താൻ ആരാധാനയോടെ കാണുന്ന വ്യക്തിയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വി.എസിനെ കാണാനെത്തിയത്. വി.എസ്. കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസ്സിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ കാണുന്നു. എതിർക്കുന്ന ആളുകളെ മാനിക്കുന്നതാണ് ജനാധിപത്യമെന്നും പി.എസ്.ശ്രീധരൻ പിള്ള മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.