ദില്ലി:  തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കേരളത്തിലെ ബിജെപിക്കെതിരെ ഉയർന്നു വന്ന കോഴ, കുഴപ്പൽപ്പണം അടക്കമുള്ള ആരോപണങ്ങൾ വയനാട് മുട്ടിൽ വനം കൊള്ളയെ മുൻ നിർത്തി പ്രതിരോധിക്കാൻ ബിജെപി. മുട്ടിൽ വനംകൊള്ള കേസിൽ കേന്ദ്ര ഇടപെടൽ നടത്താൻ ബിജെപി നീക്കം തുടങ്ങി. ദില്ലിയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും. മുട്ടിൽ മരം കൊള്ള വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാകും കൂടിക്കാഴ്ച. 

കേരളത്തിലെ വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിൽ: നദ്ദയുമായി കൂടിക്കാഴ്ച ഉച്ചക്ക് ശേഷം

തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബിജെപി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മരം കൊള്ള ദേശീയ തലത്തിന്റെ ശ്രദ്ധയിലെത്തിച്ച് കേന്ദ്ര ഇടപെടൻ നടത്തി രാഷ്ട്രീയ പ്രതിരോധത്തിനുള്ള നീക്കമാണ് സുരേന്ദ്രന്റേത്. ഇന്നോ നാളെയോ മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും.  

മുട്ടിൽ വനംകൊള്ള: ഉന്നത ബന്ധം, പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സർക്കാർ, അന്വേഷണത്തിന് സ്റ്റേ ഇല്ല

കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രൻ ദില്ലിയിലെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രൻ സംസാരിക്കും. കേന്ദ്ര നേതാക്കൾ വിളിപ്പിച്ചിട്ടില്ലെന്നും മന്ത്രിമാരെ കാണാനാണ് ദില്ലിയിൽ വന്നതെന്നുമാണ് സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തുക.