ആലപ്പുഴ: ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി നിയമനത്തിൽ മുസ്ലിം ലീഗ് പിണറായി സർക്കാരിനെ പിന്തുണച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കൃഷ്ണദാസിന്‍റെ പ്രസ്താവന.

ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന്‍റെ പേരിൽ സർക്കാറുമായി ഇടഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണദാസിന്‍റെ കൂടിക്കാഴ്ച. സംസ്ഥാനസർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചുവെന്നാണ് പി കെ കൃഷ്ണദാസ് പറയുന്നത്. വർഗീയപ്രീണനം നടത്തി എന്നത് വെള്ളാപ്പള്ളി തുറന്നുപറഞ്ഞുവെന്നും പി കെ കൃഷ്ണദാസ് പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിനെ വിമർശിച്ചപ്പോൾ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് ഇടതും ലീഗും പറയണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെടുന്നു. ഇടതു പക്ഷത്തിനെതിരായ വിമർശനത്തിന്‍റെ പേരിൽ വെള്ളപ്പള്ളിക്കതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയത് ഇടതുമായി ലീഗിനുള്ള മുഹബത്തിന്‍റെ പേരിലെന്നും കൃഷ്ണദാസ്.