ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുൻ നിർത്തിയാണ് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദർശനം. ക്രൈസ്തവ സഭയെയും വിശ്വാസികളെയും ഒപ്പം നിർത്താൻ കേന്ദ്ര നേതൃത്വമാണ് നിർദ്ദേശം നൽകിയത്.

പത്തനംതിട്ട: ക്രിസ്മസ് കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ച് ഭക്ഷണം കഴിച്ചുള്ള സമ്പർക്ക പരിപാടിയുമായി ബിജെപി. സ്നേഹയാത്ര എന്ന പേരിലെ ഗൃഹ സമ്പർക്ക പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ വീടുകളിലെത്തി.

ചെങ്ങന്നൂർ കാരയ്ക്കാട് തേരകത്തിനാൽ ഫിലിപ്പ് അച്ചയാൻ്റെ വീട്ടിലായിരുന്നു കെ സുരേന്ദ്രൻ പ്രാതൽ. അപ്പവും മുട്ടക്കറിയും കപ്പയും മീൻകറിയുമായിരുന്നു വിഭവങ്ങള്‍. ഉച്ചക്കെത്തിയത് തുമ്പമണിലെ സുജാ വർഗീസിൻ്റെ വീട്ടിൽ. ഓർത്തഡോക്സ് സഭാ തുമ്പമൺ ഭദ്രാസാന സെക്രട്ടറി ഫാദർ ജോൺസൺ കല്ലിട്ടതിലിൻ്റെ വീട്ടിലെത്തി കേക്ക് മുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുൻ നിർത്തിയാണ് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദർശനം. ക്രൈസ്തവ സഭയെയും വിശ്വാസികളെയും ഒപ്പം നിർത്താൻ കേന്ദ്ര നേതൃത്വമാണ് നിർദ്ദേശം നൽകിയത്. നേരത്തെ പലതരത്തിൽ നടത്തിയ ദൗത്യങ്ങളുടെ ഫലമായി സഭ സംസ്ഥാനത്ത് ബിജെപിയുമായി കൂടുതൽ അടുത്തുവെന്നാണ് പാർട്ടി വിലയിരുത്തൽ.

മിഷൻ ദക്ഷിണേന്ത്യയുടെ ഭാഗമായി ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാർക്ക് ചുമതല നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നേരത്തെ ബിജെപി തുടങ്ങിയിരുന്നു. അതിൻ്റെ തുടർച്ചയായാണ് സഭയെ ഒപ്പം നിർത്താനുള്ള സമ്പർക്കം.