ദേവസ്വം മന്ത്രിമാരായിരുന്ന മൂന്ന് പേർ പുറത്തുണ്ടെന്നിരിക്കെ തന്ത്രിയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്തിനെന്ന് വ്യക്തമാക്കണം. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയിക്കുന്നതായും ബിജെപി ആരോപിച്ചു.

ആലപ്പുഴ : ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തി ബിജെപി നേതാക്കൾ. ആലപ്പുഴ സൌത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ സംഘമാണ് വീട്ടിലെത്തിയത്. സൌഹൃദ സന്ദർശനമെന്നാണ് വീട്ടിൽ നിന്നിറങ്ങിയ ശേഷം സന്ദീപ് വചസ്പതി പ്രതികരിച്ചത്. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ സംശയങ്ങളുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിമാരായിരുന്ന മൂന്ന് പേർ പുറത്തുണ്ടെന്നിരിക്കെ തന്ത്രിയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്തിനെന്ന് വ്യക്തമാക്കണം. ഹൈക്കോടതിയുടെ പ്രതിനിധികൾക്കും ഉത്തരവാദിത്തമില്ലേ എന്ന ചോദ്യമുയർത്തിയ ബിജെപി, കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടു. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയിക്കുന്നതായും ബിജെപി ആരോപിച്ചു.

കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി 

അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിൽ നിന്നും തന്ത്രിയെ ജയിൽ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ദേഹ പരിശോധനകൾക്ക് ശേഷം തന്ത്രിയെ ആശുപത്രിയിൽ തന്നെ താമസിപ്പിക്കുമോ എന്നതിൽ തീരുമാനമുണ്ടായേക്കും. മണിക്കൂറുകൾ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്.