സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

തിരുവനന്തപുരം: ബിജെപിയുടെ ലോക് സഭാ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലും മൂന്ന് പേരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. 

മുതിർന്ന നേതാക്കൾ എല്ലാം പട്ടികയിലുണ്ട്. ചില മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രനും പട്ടികയിലുണ്ട്. മൂന്ന് ദിവസത്തിനകം ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യപിക്കുമെന്നും രമേശ് വ്യക്തമാക്കി. ബി.ജെപിക്ക് സാധ്യത ഉള്ള മണ്ഡലങ്ങളിൽ ഇടത് വലത് മുന്നണികൾ ഒത്തുതീർപ്പ് നീക്കം നടത്തുകയാണെന്നും രമേശ് ആരോപിച്ചു. 

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ പി എസ് ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ ആലപ്പുഴയില്‍ എഎന്‍ രാധാകൃഷ്ണന്‍, വടകര വികെ സജീവന്‍ തൃശ്ശൂർ കെ. സുരേന്ദ്രൻ, പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ കോഴിക്കോട് എം ടി രമേശ്, കെപി ശ്രീശൻ ചാലക്കുടി എ എൻ രാധാകൃഷ്ണൻ, എ. ജെ അനൂപ്. കാസർകോട് പി. കെ കൃഷ്ണദാസ്, സികെ പത്ഭനാഭന്‍, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പട്ടികയില്‍.

അതേസമയം വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയും തൃശൂരുമാണ് കെ സുരേന്ദ്രന്‍റെ നോട്ടം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയിലും കേന്ദ്ര തീരുമാനപ്രകാരം തൃശൂര്‍ സീറ്റ് ബിഡിജെഎസിനും കൊടുത്താല്‍ സുരേന്ദ്രന്‍ ഇടയുമെന്നുറപ്പാണ്. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്‍റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കോർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.